2014 ജനുവരി 29, ബുധനാഴ്‌ച

നാടകോത്സവം -

ഒരു മഴവില്ലിന്റെ ജന്മം മതിയെനിക്ക് ...

പെണ്മയുടെ പെയ്ത്ത് 



സാഗരനയനി 


ഹാം മുക്താര ..



ജന്മത്തിന്റെ മിഴാവുതാളം..രതിയുടെ പാല്പായസം ..


കണ്ടതില്ലവർ മരം കൊണ്ട് നേർവഴി മറഞ്ഞിരിക്കയാൽ....

2014 ജനുവരി 25, ശനിയാഴ്‌ച

മറയൂരിലേക്ക് പോണു ...



മറയൂർ എന്നാൽ മറഞ്ഞിരിക്കുന്ന ഊർ എന്നർത്ഥം. ഇത്‌ പാണ്ഡവരുമായി ബന്ധപ്പെട്ടതാണ്‌. വനവാസക്കാലത്ത്‌ ഇവിടെയും വന്നിരുന്നു എന്നു പറയുപ്പെടുന്നു. 10000 BC ക്കുമുമ്പുള്ള മഹാശിലായുഗകാലത്ത്‌ ഇവിടെ മനുഷ്യവാസമുണ്ടായിരുന്നു എന്നതിനു തെളിവാണ്‌ മുനിയറകളും ഗുഹാക്ഷേത്രവും ശിലാലിഖിതങ്ങളും . മുതുവാന്മാർ മലയുടെ ചെരുവുകളിലും മറ്റും പാർക്കുന്നുണ്ടെങ്കിലും അഞ്ചുനാട്ടുകാരായ ഗ്രാമക്കാരാണ്‌ മുമ്പെയുള്ള താമസക്കാർ. അഞ്ചുനാടിന്റെ പൂർവ്വികർ പാണ്ടിനാട്ടിൽ നിന്നും രാജകോപം ഭയന്ന്‌ കൊടൈക്കാടുകൾ കയറി. അവർ മറഞ്ഞിരിക്കാനൊരിടം തേടി അലഞ്ഞു. ഒടുവിൽ അവർ താഴ്‌വരയിലെത്തി. പല ജാതികളിൽപ്പെട്ട അവരുടെ കൂട്ടത്തിൽ തമ്പ്രാക്കളും കീഴാളരുമുണ്ടായിരുന്നു. അഞ്ചുനാട്ടുപാറയിൽ ഒത്തുചേർന്ന അവർ പാലിൽതൊട്ട്‌ സത്യം ചെയ്‌ത്‌ ഒറ്റ ജാതിയായി. അവർ അഞ്ച്‌ ഊരുകളുണ്ടാക്കി അഞ്ചുനാട്ടുകാരായി ജീവിച്ചു പോന്നു. അവർക്ക്‌ അവരുടേതായ നീതിയും നിയമങ്ങളും ശിക്ഷാരീതികളുമുണ്ട്‌.


മറയൂരിലേക്ക്  പോണു ...


നാലുവശവും മലകൾ ഉയർന്നു നിൽക്കുന്ന മറയൂർതടം . അങ്ങു ദൂരെ കാന്തല്ലൂർ മലയുടെ താഴ്‌വാരം വരെ നീണ്ടു പോകുന്ന വയലുകൾ. കാന്തല്ലൂർ മലയുടെ നെറുകയിൽ അഞ്ചുനാടിന്റെ കാന്തല്ലൂർ ഗ്രാമം. പിന്നെ താഴേക്കു ചെരിഞ്ഞ്‌ കീഴാന്തൂർ ഗ്രാമവും കാരയൂർ ഗ്രാമവും. കൊട്ടകുടി ഗ്രാമം കാന്തല്ലൂർ മലയ്‌ക്കപ്പുറമാണ്‌. അവർക്ക്‌ അവരുടേതായ ദൈവങ്ങളും ആഘോഷങ്ങളുമുണ്ട്‌. തെങ്കാശിനാഥനും അരുണാക്ഷിയമ്മയും മുരുകനും ഗണപതിയും അടക്കം ധാരാളം അമ്പലങ്ങൾ ഇവിടെ കാണപ്പെടുന്നു.

പക്ഷേ ഇപ്പോൾ സ്‌ഥിതി ആകെ മാറി. വയലുള്ള ഊരുകാർ കുറവാണ്‌. ഉള്ള വയലുകളെല്ലാം കുടിയേറിവന്ന മലയാളികൾ സ്വന്തമാക്കി. ഊരുകാരുടെ എസ്‌.എസ്‌. എൽ.സി ബുക്കിലെ ജാതിക്കോളം ഒഴിഞ്ഞു കിടക്കുന്നു. ആദിവാസികളാണോ മലവേടനാണോ പിള്ളമാരാണോ എന്ന്‌ തീരുമാനമാവാതെ ബിരുദമെടുത്തവർപോലും കരിമ്പുകാട്ടിൽ പണിക്കുപോയി ജീവിക്കുന്നു.

മുനിയറകൾ


മഹാശിലായുഗസംസ്‌ക്കാരത്തിന്റെ ബാക്കിപത്രം എന്ന് വിശേഷിപ്പിക്കപ്പെടുന്ന മുനിയറകളാണ്‌ മറയൂരിന്റെ മറ്റൊരു പ്രത്യേകത. ഇത് അക്കാലത്തുള്ളവരെ മറവുചെയ്‌ത ശവക്കല്ലറകളാണെന്നും മുനിമാർ തപസ്സുചെയ്‌തിരുന്നിടമാണെന്നും പറയപ്പെടുന്നു. ഒരാൾക്ക്‌ നില്‌ക്കുകയും കിടക്കുകയും ചെയ്യാവുന്ന ഉയരവും നീളവുമുണ്ട്‌ ഓരോ മുനിയറക്കും. പലതും പൊട്ടിയും അടർന്നും വീണു തുടങ്ങി. മറയൂർ കോളനി കഴിഞ്ഞ്‌ ഹൈസ്‌കൂളിനരുകിലെ പാറയിൽ ധാരാളം മുനിയറകളുണ്ട്‌.
ഇവിടുത്തെ ഹൈസ്‌ക്കൂളിനു പുറകിലെ പാറയുടെ നെറുകയിൽനിന്നും മലയുടെ ചെരിവുകളിൽനിന്നും നോക്കിയാൽ പാമ്പാറൊഴുകുന്നതു കാണാം. കൂടാതെ കോവിൽ കടവും തെങ്കാശിനാഥൻ കോവിലും കാണാം. നാച്ചിവയലിലെ കരിമ്പുകാടുകളും, ചന്ദനമരങ്ങളും, പൈസ്‌നഗർ സെമിനാരിയും ഇവിടുത്തെ ആകർഷണങ്ങളാണ്. പണ്ട്‌ പാണ്‌ഡവരുടെ തേരുരുണ്ട് ഇവിടുത്തെ ഒരു ഒരു മുനിയറയുടെ മുകളിലെ കല്‌പാളികളിൽ രണ്ടു വരകളുണ്ടായി എന്ന് പറയപ്പെടുന്നു.

തെങ്കാശിനാഥൻ ക്ഷേത്രം

മുനിയറ കണ്ട്‌ താഴോട്ടിറങ്ങിയാൽ കോവിൽക്കടവായി. പാമ്പാറിലേക്കിറങ്ങാൻ തോന്നുന്നെങ്കിൽ ആ മോഹം ഉപേക്ഷിക്കുന്നതാണ്‌ നല്ലത്‌. ചില്ലുപാറയാണ്‌..പെട്ടെന്ന്‌ വഴുക്കും...അപകടം ഒപ്പമുണ്ട്‌. മുപ്പതുമക്കോടി ദൈവങ്ങളും അവർക്കൊക്കെ അമ്പലങ്ങളുമുണ്ടെങ്കിലും തെങ്കാശിനാഥൻ ക്ഷേത്രമാണ്‌ ചരിത്രവുമായി ബന്ധപ്പെട്ടുകിടക്കുന്നത്‌. പാണ്ഡവർ വനവാസക്കാലത്ത്‌ മറയൂരിൽ എത്തിയിരുന്നു എന്നും അവർ ഒറ്റക്കല്ലിൽ പണിതതാണ്‌ ഈ ക്ഷേത്രം എന്നും പറയുന്നു. കോവിൽക്കടവിൽ പാമ്പാറിന്റെ തീരത്താണ്‌ ക്ഷേത്രം. അവിടെ ഒരു ഗുഹാമുഖമുണ്ട്‌. പ്രാചീനലിപികളിൽ എന്തൊക്കെയോ കല്ലിൽ കൊത്തിവെച്ചിട്ടുണ്ട്‌. അതുവായിക്കാനായാൽ ഗുഹാമുഖം തുറക്കുമത്രേ. ഗൂഹ അവസാനിക്കുന്നത്‌ മുരുകന്റെ പഴനിമലയിലാണുപോലും. ഏതായാലും അടുത്തകാലത്തൊന്നും ആ ശിലാലിഖിതങ്ങൾ ആർക്കും വായിക്കാനായിട്ടില്ല. അളളുകളിലേക്ക്‌ ആർത്തുവീഴുന്ന പാമ്പാർ. അളളുകളുടെ താഴ്‌ച പാതാളം വരെ......അവിടെ ജലകന്യകമാർ വാഴുന്നു. മുമ്പെന്നോ തെങ്കാശിനാഥൻ കോവിലിനരികിലെ പ്ലാവിൽ തൂങ്ങിചാവാൻ കൊതിച്ച തമിഴത്തി. കഴുത്തിൽ കുരുക്കിയ കയർ മുറുകിയില്ല. പുല്ലരിവാൾ കൊണ്ടവൾ കയററുത്തു. അവളുടെ ശരീരം പാമ്പാറിന്റെ ചുഴികളിൽ വട്ടം കറങ്ങി, ചുവപ്പ്‌ പടർന്ന്‌ കൂത്തിലേക്ക്‌ പതിച്ചു. പിന്നീടോരോ വർഷവും തെങ്കാശിനാഥൻ കോവിലിനു മുന്നിലെ കുത്തിൽ വർഷത്തിൽ ഒന്നോ രണ്ടോ പേർ വീണു മരിക്കുന്നു. ചില്ലുപാറയുടെ കാന്തികശക്തി വലിച്ചടുപ്പിക്കുകയാണ്‌. പുത്തൻ ചെരിപ്പ്‌ കാൽകഴുകിയിടാൻ അച്ഛന്റെ കൈവിടുവിച്ച്‌ മ്പാറിലേക്കിറങ്ങിയോടിയകുട്ടി.....ഊരുവിലക്കിയതിന്റെ പേരിൽ നിറവയറുമായി പാമ്പാറിലേക്കെടുത്തുചാടിയ ഊരുകാരിപ്പെണ്ണ്‌......പാമ്പാറിന്റെ ചുഴികളിൽ, ഗർത്തങ്ങളിൽ ജലകന്യകമാർ നീരാടി. അളളുകളിലേക്കു വീഴുന്നവരെ ജലകന്യകമാർ വിഴുങ്ങി. പിന്നെയും എത്രയോപേർ.............തെങ്കാശിനാഥൻ കോവിലിലെ കാളിയുടെ നട തുറന്നിരുന്നകാലത്ത്‌ പത്തും പ്‌ന്ത്രണ്ടുമൊക്കെയായിരുന്നു മരണം. നട അടച്ചതിൽ പിന്നെ ഒന്നു രണ്ടുമൊക്കെയായി കുറഞ്ഞിട്ടുണ്ട്‌ എന്ന്‌ ഇവിടത്തുകാർ പറയുന്നു.

അക്കാതങ്കച്ചി മല

നാലുവശവും മലകളാണെങ്കിലും അക്കാതങ്കച്ചി മലയ്‌ക്കാണ്‌ കഥ പറയാനുള്ളത്‌്‌. മുമ്പ്‌ കൂട്ടുകാരികൾ വിറകുപെറുക്കാൻ കാട്ടിൽ പോയി. അവർ വിറകുപെറുക്കിക്കഴിഞ്ഞ്‌ ക്ഷീണമകറ്റാൻ ഒരു ഗുഹയക്കുള്ളിൽ കയറി ഇരുന്ന്‌ പേൻ പെറുക്കിക്കൊണ്ടിരുന്നു. പേൻപെറുക്കിയിരുന്നു അക്കൂട്ടത്തിലെ അനിയത്തിയും ജ്യേഷ്‌ഠത്തിയും ഉറങ്ങിപ്പോയി. കൂട്ടുകാരൊക്കെ വിറകുമായി നടന്നു. അനിയത്തിയേയും ജ്യേഷ്‌ഠത്തിയേയും കാണാതെ അന്വേഷിച്ചു വന്നവർ കണ്ടത്‌ ഗുഹാമുഖം അടഞ്ഞിരിക്കുന്നതാണ്‌.അന്നുമുതൽ ആ മലക്ക്‌ അക്കാതങ്കച്ചി മലയെന്നു പേരു വന്നു.

കാലാവസ്ഥ

മൂന്നാറിന്‌ സമാനമായ തണുപ്പ്‌ മറയൂരുമുണ്ട്‌. എന്നാൽ മഴ വളരെ കുറവാണ്‌. അത്‌ പുതച്ചിക്കനാൽ വഴി തടത്തെ നനക്കുന്നു. പെയ്യുന്നത്‌ അധികവും നൂർമഴയാണ്‌. വർഷത്തിൽ 50 സെമി താഴെയാണ്‌ മഴ ലഭിക്കുന്നത്‌. കേരളത്തിൽ ഇടവപ്പാതി തകർത്തുപെയ്യുമ്പോൾ മറയൂരിൽ കാറ്റാണ്‌. ആളെപ്പോലും പറത്തിക്കളയുന്നകാറ്റ്‌. മലമുകളിൽ മഴപെയ്യും. തുലാമഴയാണ്‌‌ കൂടുതൽ. നാലു വശവുമുള്ള മലകൾ മഴയെ തടഞ്ഞു നിർത്തും. അതുകൊണ്ട്‌ എപ്പോഴും താഴ്വര മഴ നിഴലിലാഴ്‌ന്നു കിടക്കും. പിന്നെ മഞ്ഞാണ്‌. വർഷത്തിൽ അധികവും ഈ കാലാവസ്ഥയായതുകൊണ്ട്‌ ശീതകാല പച്ചക്കറിക്കളായ കാരറ്റ്‌, ബീറ്റ്‌ റൂട്ട്‌, കാബേജ്‌, കോളിഫ്‌ളവർ, ഉരുളക്കിഴങ്ങ്‌, ഉള്ളി തുടങ്ങിയവ നന്നായി വളരും. കേരളത്തിൽ ആപ്പിൾ വിളയുന്ന ഏക സഥലമാണ്‌ അഞ്ചുനാടുകളിലൊന്നായ കാന്തല്ലൂർ. ഈ സവിശേഷ കാലാവസ്ഥകൊണ്ടാവാം ചന്ദനം വളരാനും കാരണം.

ജനവിഭാഗങ്ങൾ

തമിഴരും മലയാളികളും ഇടകലർന്നു ജീവിക്കുന്നു. തമിഴരിൽ അധികവും കണ്ണൻ ദേവൻ തോട്ടത്തിൽ നി്‌ന്ന്‌ പിരിഞ്ഞശേഷം മറയൂരിൽ താമസമാക്കിയവരാണ്‌. കച്ചവടവും കാലിനോട്ടവുമൊക്കെയായി പലതരത്തിൽ വന്നവരുമുണ്ട്‌. മലയാളികളിൽ അധികവും കോളനി കിട്ടിവന്നവരാണ്‌. ജോലികിട്ടി വന്നവരും കുടിയേറി വന്നവരുമുണ്ട്‌. പട്ടം താണുപിള്ള ഇടുക്കി ജില്ലയിലെ പല ഭാഗങ്ങളിൽ കോളനി അനുവദിച്ചപ്പോൾ അതിലൊന്ന്‌ മറയൂരായിരുന്നു. അന്നു അഞ്ചേക്കർ കോളനികിട്ടിയ പലരും അതുപേക്ഷിച്ചുപോയി. കാലാവസ്ഥയുമായി മല്ലിടാൻ വയ്യാതെയും ഉള്ളിയും ഉരുളക്കിഴങ്ങും മാത്രമേ വിളയൂ എന്ന ധാരണയിലുമായിരുന്നു. ഇന്ന്‌ തെങ്ങ്‌ വ്യാപകമായിക്കഴിഞ്ഞു.ഗുണനിലവാരത്തിന്‌ പേരുകേട്ടതാണ്‌ മറയൂർ ശർക്കര. ഒരിക്കൽ കരിമ്പുനട്ടാൽ നാലഞ്ചുവർഷത്തേക്ക്‌ വേറെ ചെടി നടേണ്ട. കരിമ്പുവെട്ടിക്കഴിഞ്ഞാൽ വയലിൽ തീയിടുകയാണ്‌ ചെയ്യുന്നത്‌. പിന്നെ ഒരാഴ്‌ചയോളം വെള്ളം കെട്ടിനിർത്തും. കത്തിയ കരിമ്പിൻ കുറ്റികൾ തളിർക്കാൻ തുടങ്ങും.

കൃഷിരീതി

അഞ്ചുനാടുകളിൽ മാത്രമുള്ള കൃഷിരീതിയാണ്‌ പൊടിവിത. പണ്ട്‌ പണ്ട്‌ രണ്ടയൽക്കാർ തമ്മിൽ പിണക്കമായിരുന്നു. ഒന്നാമൻ തന്റെ വയലിൽ വിത്തുവിതച്ചു. വിത്തുമുളച്ചുവരുന്നതു കണ്ടപ്പോൾ അയൽക്കാരന്‌ സഹിച്ചില്ല. അയാൾ തന്റെ കാളയെ വെച്ച്‌ മുളച്ചുവന്ന നെല്ലുമുഴുവൻ ഉഴുതുമറിച്ചിട്ടു. ഒന്നാമൻ പരാതിയുമായി നാട്ടുകൂട്ടത്തെ സമീപിച്ചു. നാട്ടുകൂട്ടം സത്യമറിയാൻ വന്നപ്പോൾ കണ്ടത്‌ ഉഴുതുമറിച്ചിട്ട വയലിൽ നെല്ല്‌ തഴച്ചു വളരുന്നതാണ്‌. അന്നുതുടങ്ങിയതാണിവിടെ പൊടിവിത.
വിക്കിപ്പീകികക്ക് നന്ദി

"ഇത്തിരിപ്പൂവേ, ചുവന്ന പൂവേ!"

`Red Rose has vanished too
She told the poor what life's about
And so the rich have rubbed her out
May she rest in peace''

"ആ ചുകന്ന റോസാപ്പൂവും അദൃശ്യമായി
ജീവിതപ്പൊരുള്‍ എന്തെന്ന് റോസ
പാവങ്ങള്‍ക്കു പറഞ്ഞുകൊടുത്തു.
 ആയതിനാല്‍ പണക്കാര്‍ റോസയ തുടച്ചുമാറ്റി.
 അവര്‍ക്ക് നിത്യശാന്തി!"
 ബെര്‍ടോള്‍ട് ബ്രെഹ്(ച്)റ്റ്  -ചൈത്യലേഖം






2014 ജനുവരി 24, വെള്ളിയാഴ്‌ച

വാൻ ഗോഗ് - തൂവൽ കൊഴിക്കുന്ന കാലം പക്ഷികൾക്കേതു പോലെയാണോ…


എന്റെ വാൻഗോഗ് 


തൂവൽ കൊഴിക്കുന്ന കാലം പക്ഷികൾക്കേതു പോലെയാണോ, അതു പോലെയാണ്‌ വിപത്തുകളുടെ, ദൌർഭാഗ്യങ്ങളുടെ കഷ്ടകാലം നമ്മൾ, മനുഷ്യജീവികൾക്കും. നമുക്കു വേണമെങ്കിൽ അതിൽത്തന്നെ കഴിഞ്ഞുകൂടാം, അതല്ലെങ്കിൽ പുത്തൻതൂവലുകളുമായി പുറത്തു വരാം; പക്ഷേ അന്യരുടെ കണ്ണുകൾക്കു മുന്നിൽ വച്ചാകരുതത്; കാണാൻ ഒരു രസവുമുണ്ടാവില്ല. അതുകൊണ്ട് അകലേയ്ക്കു പോവുകയാണു യുക്തി എന്നെനിയ്ക്കു തോന്നുന്നു; നിങ്ങളെ സംബന്ധിച്ചിടത്തോളം ഞാനെന്നൊരാൾ ഈ ലോകത്തില്ലാതാവുന്ന രീതിയിൽ അത്രയ്ക്കകലത്താവട്ടെ ഞാൻ.
എന്റെ കാര്യം പറയട്ടെ, ഞാൻ ഒരു വികാരജീവിയാണ്‌; മൂഢതകൾ പലതും ചെയ്തുപോവുന്ന, അതിനടിമയായ ഒരാൾ; പിന്നീടു പലപ്പോഴും ഞാൻ അതിനെക്കുറിച്ചു പശ്ചാത്തപിക്കാറില്ലെന്നല്ല. അല്പം ക്ഷമ കാണിച്ചു കാത്തിരിക്കേണ്ടിയിരുന്ന ചില അവസരങ്ങളിൽ സംസാരത്തിലും പ്രവൃത്തിയിലും തിടുക്കം കാണിച്ചിട്ടുണ്ടു ഞാൻ. മറ്റു മനുഷ്യരും ചിലപ്പോഴൊക്കെ ഇങ്ങനെയുള്ള ബുദ്ധിമോശങ്ങൾ കാണിക്കുന്നുണ്ടാവാം. അതിരിക്കട്ടെ, ഇങ്ങനെയുള്ള അവസരങ്ങളിൽ ഞാൻ എന്തു ചെയ്യണം? ഒന്നിനും കഴിവില്ലാത്ത, അപകടകാരിയായ ഒരാളാണു ഞാനെന്നു സ്വയം കരുതുകയാണോ വേണ്ടത്? അല്ലെന്നെനിക്കു തോന്നുന്നു. അതേ വികാരങ്ങളെ ഏതു വിധേനയും ഉപയോഗപ്രദമായ ഒരു ചാലിലേക്കു തിരിച്ചുവിടാൻ ശ്രമിക്കുകയാണു ഞാൻ ചെയ്യേണ്ടത്. ഒരുദാഹരണം പറഞ്ഞാൽ, പുസ്തകങ്ങളുടെ കാര്യത്തിൽ തടുക്കരുതാത്തൊരാസക്തി എനിക്കുണ്ട്; ആഹാരത്തോടുള്ള ആർത്തി തന്നെയാണ്‌ പഠനത്തോടും എനിക്കുള്ളത്. നിനക്കതു മനസ്സിലാക്കാവുന്നതേയുള്ളു. ഞാൻ മറ്റൊരു ചുറ്റുപാടിലായിരുന്നപ്പോൾ, ചിത്രങ്ങളും കലാവസ്തുക്കളും നിറഞ്ഞ ഒരു ചുറ്റുപാടിലായിരുന്നപ്പോൾ, നിനക്കറിയുന്നതല്ലേ, ഭ്രാന്തമായൊരാവേശമായിരുന്നു അവയോടെനിക്ക്. എനിക്കതിൽ പശ്ചാത്തപിക്കാൻ തോന്നുന്നുമില്ല. ഇപ്പോൾ ഇത്രയും അകലെക്കിടക്കെ, ചിത്രങ്ങൾ നിറഞ്ഞ ആ ദേശത്തെക്കുറിച്ചു നഷ്ടബോധം തോന്നുകയാണെനിയ്ക്ക്.

അതുകേട്ടു സ്വര്‍ഗം വിടര്‍ന്നുവെങ്കില്‍...

ഒരു കുഞ്ഞു പൂവിന്റെ ഇതളിൽ...

അതു പ്രണയമല്ലെന്നതല്ല, നഷ്ടഭീതിയാണ്‌.

കൂട്ടുകാരീ ഞാനൊരു യാത്ര പോണു..കാട് വഴി കാൽനട...പോയ്‌ വരാം..

ബാഷൊയുടെ വിദൂര വടക്കിലേക്കുള്ള  നേർത്ത വഴിയെ പോലെ ....ഒരു വഴിയെ സ്വപ്നം കണ്ട്...


യാത്ര  അകത്തേക്കും പുറത്തേക്കുമുള്ള പുറപ്പാട് / അകപ്പാട്  ആണ് പലപ്പോളും


പോയ്‌ വരാം

യവ്തുഷെങ്കോ - മറയരുത്


1375262948_love4


മറയരുത്...എന്നിൽ നിന്നു മറയുമ്പോൾ
നീ നിന്നിൽ നിന്നു തന്നെ മറയുകയാവും,
നിന്നോടു തന്നെ നിത്യവഞ്ചന കാട്ടുകയാവും,
അതാവും എത്രയുമധമമായ നെറികേടും.
മറയരുത്...അത്രയെളുപ്പമാണു മറയാൻ.
പിന്നെയന്യോന്യമുയിർപ്പിക്കുക അസാദ്ധ്യം.
മരണം നമ്മെ അത്രയാഴത്തിലേക്കു വലിച്ചിഴയ്ക്കുന്നു.
അത്ര ദീർഘമാണു മരണം, ഒരു നിമിഷത്തേക്കായാലും.
മറയരുത്...മൂന്നാമത്തെ നിഴലിനെ മറന്നേക്കൂ.
പ്രണയത്തിൽ രണ്ടാളുകളേയുള്ളു, മൂന്നാമതൊരാളില്ല.
അന്ത്യവിധിനാളിൽ കാഹളങ്ങൾ നമ്മെ വിളിച്ചുവരുത്തുമ്പോൾ
കറ പറ്റാത്തവരായിരിക്കും നാമിരുവരും.
മറയരുത്...പാപത്തിന്റെ കടം നാം വീട്ടിക്കഴിഞ്ഞു.
നിയമത്തിന്റെ മുന്നിൽ സ്വതന്ത്രരാണു നാം, പാപമറ്റവരാണു നാം.
അറിയാതെ നാം മുറിവേല്പിച്ചവർ നമുക്കു മാപ്പു തരട്ടെ,
അതിനർഹരാണു നാമിരുവരും.
മറയരുത്...മറയാൻ ഒരു നിമിഷമേ വേണ്ടു,
വരാനുള്ള നൂറ്റാണ്ടുകളിൽ പക്ഷേ, നാമെങ്ങനെ കണ്ടുമുട്ടും?
നിന്നെപ്പോലൊരാൾ ലോകത്തു വേറെ കാണുമോ,
എന്നെപ്പോലൊരാളും? നമ്മുടെ കുട്ടികളിൽ കണ്ടാലായി.
മറയരുത്...നിന്റെ കൈത്തലം തരൂ.
അതിൽ എന്നെ എഴുതിയിരിക്കുന്നു- എന്നു ഞാൻ വിശ്വസിക്കുന്നു.
ഒരാളുടെ അന്ത്യപ്രണയത്തെ ഭയാനകമാക്കുന്നത്
അതു പ്രണയമല്ലെന്നതല്ല, നഷ്ടഭീതിയാണ്‌.
(1977)

പരിഭാഷ കെ എസ് രവികുമാർ 

കവിതയിലെ ജീവിതം 
ജീവിതത്തിലെ കവിതയും 
പുഴയും തോണിയും എന്നപോലെ 
ഏതു ഏതിൽ  തെന്നി നീങ്ങുന്നു...?

കവിതയും ജീവിതവും, രണ്ടല്ല 
ചില നേരങ്ങളിൽ അക്ഷരങ്ങൾ  പിടികൂടും..


നന്ദി പ്രിയ സഖി ... നന്ദി


2014 ജനുവരി 16, വ്യാഴാഴ്‌ച

യാത്രാമൊഴി

യാത്രാമൊഴി എന്ന ചിത്രം 


ഇനി ഒരിക്കലും ഉണ്ടാവില്ല എന്ന ഉറപ്പിൽ  ഒരു കാലത്തോട് റ്റാ റ്റാ പറഞ്ഞു തിരിഞ്ഞു നോക്കാതെ നടന്നു പോകട്ടെ...

ഒട്ടുമുക്കാലും മാഞ്ഞു മാഞ്ഞു പോകുന്നു ...സോഫി,നിന്നോട് പറയാനുള്ള വാക്കുകൾ

ഇന്നലെ എറണാകുളത്തൂന്നുള്ള തിരികെ യാത്രയിൽ നിലാവും തീവണ്ടിക്കുകൂടെ ണ്ടാർന്നു...നോക്കി നില്ക്കുമ്പോ പേരില്ലാത്ത സങ്കടം വന്നു..ഒന്നും പറയാനില്ലല്ലോ എനിക്ക് നിലാവിനോടും...മനസ്സ് പ്രസന്നമാണ്...എങ്കിലും ആലോചിക്കുമ്പോ രസാണ് എന്റെ മാറ്റങ്ങൾ.

ശരിയാവുമായിരിക്കാം എല്ലാം.
തീവണ്ടിയും ചന്ദ്രനും 

പറയാന്‍ മറന്ന പരിഭവങ്ങള്‍ വിരഹാര്‍ദ്രമാം മിഴികളോര്‍ക്കെ
സ്മരണകള്‍ തിരയായ്‌ പടരും ജലധിയായ് 
സ്മരണകള്‍ തിരയായ്‌ പടരും ജലധിയായ് 
പൊഴിയും നിലാവ് പോല്‍ വിവശനായ്‌
പറയാന്‍ മറന്ന പരിഭവങ്ങള്‍ വിരഹാര്‍ദ്രമാം മിഴികളോര്‍ക്കെ...






ഒന്നും പറയാൻ ഇല്ലെങ്കിലും നിറയെ പറയുണുണ്ട്  ഞാൻ...



2014 ജനുവരി 14, ചൊവ്വാഴ്ച

ചുവപ്പാണെന്റെ പേര് ; നിഷ്കളങ്കതയുടെ ചിത്രശാല



വിരലടയാളം പോലെ വ്യത്യസ്തമാണ് ഓരോ പ്രണയവും. ഒന്നിനെ പോലെ മറ്റൊന്നില്ല. ദുരന്തപ്രണയത്തിന്റെ മഹാഖ്യാനമാണ് നിഷ്കളങ്കതയുടെ ചിത്രശാല.
(ഒർഹാൻ പാമുക്‌  - നിഷ്കളങ്കതയുടെ  ചിത്രശാല ആണ് പുതിയ വായന )പ്രണയത്തിനായി എവിടെ എത്രവരെ താഴുകയും ഉയരുകയും ചെയ്യാമെന്നതിന്റെ ദൂരവും കാലവും കാണിച്ചുതരികയാണ് പാമുക്ക്.

സോഫി വായിക്കേണ്ട പുസ്തകം 
വായിച്ചിട്ട്  തരാം ട്ടോ. 


“When we lose people we love, we should never disturb their souls, whether living or dead. Instead. we should find consolation in an object that reminds you of them, something...I don't know...even an earring” 
― Orhan Pamuk, The Museum of Innocence
സൂക്ഷിപ്പുകൾ...

“I hear the question upon your lips: What is it to be a colour?

Colour is the touch of the eye, music to the deaf, a word out of the darkness. Because I’ve listened to souls whispering – like the susurrus of the wind – from book to book and object to object for tens or thousands of years, allow me to say that my touch resembles the touch of angels. Part of me, the serious half, calls out to your vision while the mirthful half sours through the air with your glances.

I’m so fortunate to be red! I’m fiery. I’m strong. I know men take notice of me and that I cannot be resisted.

I do not conceal myself: For me, delicacy manifests itself neither in weakness nor in subtlety, but through determination and will. So, I draw attention to myself. I’m not afraid of other colours, shadows, crowds or even of loneliness. How wonderful it is to cover a surface that awaits me with my own victorious being! Wherever I’m spread, I see eyes shine, passions increase, eyebrows rise and heartbeats quicken. Behold how wonderful it is to live! Behold how wonderful to see. I am everywhere. Life begins with and returns to me. Have faith in what I tell you.” 
― Orhan Pamuk, My Name is Red

കവിതയുടെ ഗ്രാമങ്ങൾ



മലയാളത്തിൽ "പലമ" എന്ന വാക്ക്  ആദ്യമായി ഉപയോഗിച്ചത് ഇ.പി രാജഗോപാലൻ ആണ്.
ഇ പി യുടെ കവിതയുടെ ഗ്രാമങ്ങൾ വീണ്ടും വീണ്ടും വായിക്കുന്നു.


അറിവ് ഉല്‍പാദിപ്പിക്കേണ്ടതായ പ്രസന്നത നമ്മുടെ സര്‍വകലാശാലകളിലോ സ്‌കൂളുകളിലോ ഇല്ല. പണ്ട് ഒരു സാഹിത്യകൃതി ഉണ്ടായാല്‍ ഒരുപാട് ചര്‍ച്ചകള്‍ ഉണ്ടാവുമായിരുന്നു. ഇന്ന് ശ്രദ്ധേയമായ സൃഷ്‌ടികള്‍ ഉണ്ടാവുന്നുണ്ട്. പക്ഷെ എത്ര പേരിലേക്കാണ് അത് ചുരുങ്ങിപ്പോകുന്നത് എന്നത് ഒരു പ്രശ്‌നമാണ്. സാമൂഹികപരമായ അസംതൃപ്‌തിയാണ് സമരങ്ങളുടെ മൂലധനം. കേരളത്തില്‍ സമരങ്ങള്‍ പരാജയപ്പെടുന്നതിന് കാരണം സാമൂഹിക അസംതൃപ്‌തി കേരളത്തില്‍ ഇല്ല എന്നതാണ്. താരിഖ് അലി കേരളത്തില്‍ വന്നപ്പോള്‍ നമ്മുടെ ഏറ്റവും വലിയ സാമൂഹ്യ പ്രശ്‌നമായി അദ്ദേഹം പറഞ്ഞത് മദ്യപാനമാണ്. എന്‍റെ സ്‌കൂള്‍ കാന്‍റീനില്‍ കുട്ടികള്‍ പച്ചവെള്ളം കുടിക്കുന്നത് പോലും മദ്യപിക്കുന്ന സ്‌റ്റൈലിലാണ്. മദ്യം നമുക്കിപ്പോള്‍ സദാചാരപ്രശ്‌നമല്ല. പക്ഷെ കേരളത്തിന്‍റെ സമരസാധ്യതകളെ കാലേകൂട്ടി അലസിപ്പിച്ചു കളയാനുള്ള കോര്‍പറേറ്റ് തന്ത്രമാണ് കേരളത്തില്‍ മദ്യോപഭോഗം പ്രോല്‍സാഹിപ്പിക്കപ്പെടുന്നതിന്‍റെ പിന്നില്‍. ആരാണ് ഇന്ത്യയുടെ പ്രധാനമന്ത്രി എന്നു ചോദിക്കുന്ന ക്വിസ് വ്യവസായമാണ് ഇപ്പോള്‍ കേരളത്തില്‍. എന്നാല്‍ വ്യാഖ്യാന സാധ്യമായ എന്തുകൊണ്ടാണ് മന്‍മോഹന്‍സിങ്ങ് ഇന്ത്യയുടെ പ്രധാനമന്ത്രിയായത് എന്ന ചോദ്യമില്ല. ആഗോളവല്‍ക്കരണത്തിന്‍റെ എല്ലാ അജഡകളും അനായാസം നടപ്പിലാവുന്ന, മധ്യവര്‍ഗവല്‍ക്കരണം ഏറ്റവും വിപുലമായി നടന്നുകൊണ്ടിരിക്കുന്ന ജനവിഭാഗമാണ് മലയാളികള്‍. പണ്ട് ഇരുണ്ട കേരളമായിരുന്നെങ്കില്‍ ഇന്ന് വലിയ വെളിച്ചത്തില്‍ ആരേയും കാണാന്‍ പറ്റാതാതായി. കേരളത്തില്‍ ഇന്ന് ഏറ്റവും ഉപയോഗിക്കപ്പെടുന്ന വാക്കുകള്‍ ഓകെയും ടെന്‍ഷനുമാണ്. പണ്ട് കേശവദേവ് ആത്മകഥക്ക് എതിര്‍പ്പുകള്‍ എന്ന് പേരിട്ടെങ്കില്‍ ഇന്ന് നമ്മള്‍ ഒരെതിര്‍പ്പുമില്ലാതെ എല്ലാറ്റിനോടും പൊരുത്തപ്പെട്ട് ജീവിക്കുകയാണ്. എല്ലാം ഔപചാരികമായി കൊണ്ടാടുന്ന സാഹസികത കുറവായ ഒരു നാട്ടിലാണല്ലോ ഞാന്‍ സ്ഥിരതാമസമുരപ്പിച്ചിരിക്കുന്നത് എന്ന ഒരു ലജ്ജ കൂടിയുണ്ടെനിക്ക്.
ചെറുകാടിന്‍റെ ആത്മകഥ അവസാനിക്കുന്നത് പൊലീസിന്‍റെ ചവിട്ട് കിട്ടിയ കാര്യം പറഞ്ഞു കൊണ്ടാണ്. ആദ്യത്തെ അടി കൊണ്ട് ഞാന്‍ മനുഷ്യനായി, രണ്ടാമത്തേത് കൊണ്ട് ഞാന്‍ തത്വജ്ഞാനിയായി എന്ന് അദ്ദേഹം പറയുന്നു. ചെറുകാടിന്‍റെ അമ്മാവന് ശൌച്യം ചെയ്തു കൊടുത്തതിന്‍റെ ഓര്‍മ്മയില്‍ സമ്മാനിച്ച പവിത്രമോതിരത്തില്‍ മലം പറ്റിയിരിപ്പുണ്ടായിരുന്നു എന്ന് ചെറുകാട്. രണ്ടാമത്തെ മകന് രമണന്‍ എന്ന് പേരിട്ടത് ചങ്ങമ്പുഴക്കാല്‍പനികകതയിലല്ല, മൊറാഴ കേസില്‍ പ്രതിയായി ചെറുകാടിന്‍റെ വീട്ടില്‍ ഒളിവില്‍ താമസിച്ച സഖാവ് പോള രമണന്‍റെ ഓര്‍മ്മക്കായിരുന്നു ആ പേരിടീല്‍. ഇന്നത്തെ ആത്മകഥകള്‍ കാല്‍പനികങ്ങളാവുന്നോ എന്ന് സംശയം. മലയാളത്തിലെ ആത്മകഥകള്‍ എന്തുകൊണ്ട് രതി പറയുന്നില്ല എന്ന എന്‍റെ അന്വേഷണമാണ് കണ്ണാടിച്ചുമരുകള്‍ എന്ന കുറിപ്പ്. ദേശാഭിമാനി ഓണപ്പതിപ്പില്‍ വന്നത്. വള്ളത്തോള്‍ ഭാരതമെന്ന പേര്‍ കേട്ടാലഭിമാനപൂരിതമാകണമെന്നന്തരംഗം എന്നെഴുതിയപ്പോള്‍ സംസ്‌കൃതമാണ് പ്രയോഗിച്ചത്. വേദിക് ഭാരതമായിരുന്നു അദ്ദേഹത്തിന്‍റെ മനസില്‍. കേരളത്തെക്കുറിച്ച് പറയുമ്പോള്‍ സംസ്‌കൃതപദങ്ങളില്ല. ഇത് നമ്മള്‍ കണ്ടെത്തുന്നതാണ്. വള്ളത്തോള്‍ വിചാരിച്ചിരിക്കില്ല അങ്ങനെയൊന്നും. കേരളത്തിലെ താനുള്‍പ്പെടെയുള്ള സംസ്‌കൃത പണ്ഡിതന്മാരെക്കുറിച്ച് എന്‍വി കൃഷ്‌ണവാര്യര്‍ പറഞ്ഞു ഈ പണ്ഡിതന്മാര്‍ക്ക് പുരോഗമന പരാന്‍മുഖത്വമുണ്ട്. പഴയ കാര്യങ്ങള്‍ പറഞ്ഞു കൊണ്ടിരിക്കുക. കെ എന്‍ എഴുത്തച്ഛന്‍ അങ്ങനെയായിരുന്നില്ല. സംസ്‌കൃതത്തെ ഉപയോഗിച്ച് അദ്ദേഹം പുതിയ കാര്യങ്ങള്‍ പറഞ്ഞു. കേരളോദയം എന്ന കാവ്യം അതാണ്. വയാലാറും സംസ്‌കൃതം ധാരാളം ഉപയോഗിച്ചിട്ടുണ്ട്. പക്ഷെ ആ ഭാഷ ഉപയോഗിച്ച് സിനിമയിലെ പരിമിതികള്‍ക്കുള്ളില്‍ അദ്ദേഹം വിപ്‌ളവം വിളിച്ചു പറഞ്ഞു. റെസിഡന്‍സ് ഓണ്‍ എര്‍ത്ത് എന്ന പാബ്‌ളോ നെരൂദയുടെ പ്രശസ്തമായ കവിതയോടൊപ്പം ഭൂമിക്ക് സ്തുതിഗീതമായി നില്‍ക്കുന്ന വരികളാണ് വയലാറിന്‍റെ ചന്ദ്രകളഭം ചാര്‍ത്തിയുറങ്ങും തീരം എന്ന ഗാനത്തിലുള്ളത്. കാളിദാസന്‍ കാളിയുടെ മാത്രമല്ല കാലത്തിന്‍റെയും ദാസനാണ്. ഒരു എഴുത്തുകാരനില്‍ അനിവാര്യമായി ഓടുന്നത് ഒരു കാലഘട്ടത്തിന്‍റെ ചോര കൂടിയാണ്. അന്‍റോണിയോ ഗ്രാംഷി രണ്ട് തരം ബുദ്ധിജീവികളെക്കുറിച്ച് പറഞ്ഞു. ഓര്‍മ്മിച്ച് കാര്യങ്ങള്‍ പറയുന്ന പരമ്പരാഗത ബുദ്ധിജീവികളും അറിവിനെ പുതിയ രീതിയില്‍ വ്യാഖ്യാനിക്കുന്ന ജൈവ ബുദ്ധിജീവികളും. കുമാരനാശാന്‍ വിപ്‌ളവത്തിന്‍റെ ശുക്രനക്ഷത്രമാണെന്ന് മുണ്ടശ്ശേരി പറയുമ്പോള്‍ പുതിയൊരു കുമാരനാശാന്‍ ജനിക്കുകയാണ്. ഊണ് കഴിക്കുന്ന കൈ കൊണ്ട് തന്നെയാണ് സാഹിത്യവുമെഴുതുന്നത് എന്ന് പണ്ട് മുണ്ടശ്ശേരി പറഞ്ഞു. മുണ്ടശ്ശേരിയുടെ പ്രസംഗങ്ങള്‍ അച്ചടിക്കണമെങ്കില്‍ ജീവിതം എന്നടിക്കാനുള്ള അച്ചുകള്‍ ഏറെ വേണമായിരുന്നു. മുണ്ടശ്ശേരി ആവര്‍ത്തിച്ച് ഉപയോഗിച്ചിരുന്ന വാക്കായിരുന്നു ജീവിതം. നിരൂപകന്‍ എഴുത്തുകാരന്‍റെ പിആര്‍ഓ അല്ല. നിരൂപകന്‍ പുതിയ അര്‍ത്ഥങ്ങളുണ്ടാക്കുന്ന ആളാണ്. നമ്മളിന്ന് വിവാദപ്രേമികളും സംവാദവിരോധികളുമായിരിക്കുന്നു. തൃശ്ശൂരിനടുത്ത് എടക്കുനി എന്ന സ്ഥലത്ത് ഒരു കൃഷിയോഗത്തില്‍ മുണ്ടശ്ശേരി സംസാരിക്കുകയായിരുന്നു. വായനക്കാര്‍ എഴുത്തുകാരാവട്ടെ. പീടികത്തൊഴിലാളികള്‍, വേശ്യകള്‍ -അനുഭവങ്ങളുടെ കുബേരത്വമുള്ളവര്‍- ഒക്കെ എഴുതട്ടെ എന്ന് അദ്ദേഹം പറഞ്ഞു. എഴുത്തിനെക്കുറിച്ചുള്ള അഭിജാതമായ സങ്കല്‍പങ്ങള്‍ പൊളിയാന്‍ പോകുന്നു. വായനക്കാരന്‍ ഇപ്പോള്‍ വെറും കണ്‍സ്യൂമറല്ല. കോ-റൈറ്റര്‍ കൂടിയാണെന്ന് അമോ സോല. കൃഷിഭൂമി കര്‍ഷകന് എന്ന് പറഞ്ഞത് പോലെ വായനക്കാരന്‍ പുസ്തകത്തില്‍ പുതിയ വിളവെടുപ്പ് നടത്തുന്നു. എഴുത്തുകാരന്‍ ദൈവമാണെന്ന സങ്കല്‍പം പൊളിഞ്ഞെന്ന് റൊളാങ്ങ് ബാര്‍ത്ത്. ഇപ്പോള്‍ പ്രസിദ്ധീകരിക്കുന്ന പുസ്തകം 'നാടകം ദേശം' ആണ്. ഇന്‍ഫോര്‍മലും ഫോര്‍മലുമായ കേരളചരിത്രപശ്‌ചാത്തലത്തിലുള്ള നാടകപഠനം. കെ ഇ എന്നിന്‍റെ പ്രോഗ്രസ് പബ്‌ളിക്കേഷന്‍സ് പ്രസാധനം. ബഷീര്‍ എന്നൊരു ഫോട്ടോഗ്രാഫറും കാര്‍ട്ടൂണിസ്‌റ്റ് പിവി കൃഷ്‌ണനും എടുത്ത പി കുഞ്ഞിരാമന്‍നായരുടെ 150 ഫോട്ടോകളെക്കുറിച്ച് എഴുതുന്ന 'കണ്ടെഴുത്ത്' അടുത്ത വര്‍ഷം പ്രസിദ്ധീകരിക്കും. ഫോട്ടോകളുടെ വിമര്‍ശനാത്മക പഠനമാണത്. 'സ്ഥലവും സന്ദര്‍ഭവും' ആണ് വേറൊരു പുസ്തകം. ചെറുകഥകളിലെ ഇടത്തെക്കുറിച്ചുള്ള പഠനം. എംപി നാരായണപിള്ളയുടെ കള്ളന്‍ എന്ന കഥയില്‍ വീടിന്‍റെ പിന്നാമ്പുറത്ത് കൂടി കയറി മുന്‍ഭാഗത്ത് കൂടി വരുന്നു. ചെറുകാടിന്‍റെ ആത്മകഥയില്‍ അമ്പലത്തില്‍ പാര്‍ട്ടി മീറ്റിങ്ങ് കൂടുന്ന ഭാഗമുണ്ട്. ഈ കഥകളിലൊക്കെ സ്‌പെയ്‌സ് എങ്ങനെ ഉപയോഗിക്കപ്പെടുന്നു എന്നന്വേഷിക്കുകയാണ് ആ പുസ്തകം. വായനയും ധാരാളമായുണ്ട്. പലമയിലുള്ള വായനയാണ്. ഇപ്പോള്‍ വായിക്കുന്നത് ഇ പി ശ്രീകുമാറിന്‍റെ മാംസപ്പോര്, സുമോ ഗുസ്തിക്കാര്‍ കഥാപാത്രങ്ങളാവുന്ന നോവല്‍. http://news.kuwaittimes.net/info-age-negates-formation-indian-critic/ (കുവൈറ്റില്‍ കേരളാ ആര്‍ട്ട് ലവേഴ്‌സ് അസോസിയേഷന്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ വന്നപ്പോള്‍ സംസാരിച്ച് തയ്യാറാക്കിയത്).



2014 ജനുവരി 9, വ്യാഴാഴ്‌ച

ദളിത്‌ സംവാദങ്ങളുടെ വർത്തമാനം : ഡി ആർ നാഗരാജിന്റെ പുസ്തകം

പുസ്തകം 'ജ്വലിക്കുന്ന പാദങ്ങൾ'
ഡി ആർ നാഗരാജ്
വിവർത്തനം  പി എസ് മനോജ്‌ കുമാർ
ഫേബിയൻ ബുക്സ്



"Caste and class, so to say, are next door neighbours, and it is only a span that seperates the two. A Caste is an enclosed class"   - B R Ambedkar 

മീരാനന്ദയുടെ ചിന്ത പ്രസിദ്ധീകരിച്ച ( prophets facing backwards എന്ന പേരിലെ ലേഖനങ്ങളുടെ വിവർത്തനം : പി പി സത്യൻ ) പുസ്തകം അംബേദ്‌കറെ വീണ്ടുമെടുത്ത് വായിക്കാനുള്ള ഊർജ്ജം തരുന്നുണ്ട്.

പ്രമുഖ കീഴാളചിന്തകനും ഇന്ത്യൻ അവസ്ഥയുടെ സൂക്ഷ്മമായ  സാമൂഹ്യവിമര്‍ശകനുമായിരുന്ന ഡി ആര്‍ നാഗരാജിന്റെ ജ്വലിക്കുന്ന പാദങ്ങൾ (The flaming feet - a study of the dalit movement ) അങ്ങനെയുള്ള ഒരു വായനാ യാത്രയിൽ വായിച്ച പുസ്തകമാണ്.
ഗാന്ധിയും അംബേദ്‌കറും തമ്മിൽ നടന്ന സംവാദങ്ങളുടെ പശ്ചാത്തലത്തിൽ ഇന്ത്യയിലെ ദളിത്‌ രാഷ്ട്രീയത്തിന്റെ വർത്തമാനത്തെ അന്വേഷിക്കുകയാണ് നാഗരാജ്. ഗാന്ധിയും അംബേദ്‌കറും ഇന്ത്യൻ ഗ്രാമങ്ങളെ  നോക്കിക്കണ്ട വിധം അദ്ദേഹം ആഴത്തിൽ വിലയിരുത്തുന്നു.

സുനില്‍ പി ഇളയിടം ദേശാഭിമാനിയിൽ എഴുതിയ ലേഖനം കൂടെ ചേർക്കുന്നു.
തുടരേണ്ട യാത്രകള്‍ : മാര്‍ക്സിസവും കീഴാളവിമര്‍ശനവും.

( എന്നും നിനക്ക് ഒരു കുറിപ്പ് കയ്യെഴുത്തിൽ എഴുതുന്നുണ്ട് എന്റെ ഡയറീൽ...കാണുമ്പോ തരണ്ട് എന്നെങ്കിലും...
സോഫീടെ ലോകം എന്ന ബ്ലോഗിന്റെ അടിസ്ഥാനപരമായ ഉള്ളടക്കം
മാറുകയാണ് ഇനി..എന്നോട് തന്നെയുള്ള സംസാരങ്ങളോ വായനാക്കുറിപ്പുകളോ ആയ എഴുത്തുകളായിരിക്കും. പലപ്പോളും സോഫിയോടുള്ളത് 'ആത്മഭാഷണങ്ങളായി ഒതുക്കുട്ടെ ഞാൻ.അത് മതി...)

2014 ജനുവരി 7, ചൊവ്വാഴ്ച

വായനയുടെ ആകാശഭൂമികൾ...

'പൂത്തുനില്‍ക്കുന്ന മേശതന്‍ കൊമ്പുകള്‍ 
ചായ്ച്ചുപൊട്ടിച്ച പുസ്തകത്തിന്‍ മണം'




ഒരു പൂവിറുത്തു വാസനിക്കുന്നതുപോലെ മേശപ്പുറത്തുനിന്ന് ഒരു പുസ്തകമെടുത്തു വായിക്കുന്ന കുട്ടിയുടെ കൗതുകമുണര്‍ത്തുന്ന ചിത്രമുണ്ട് പി രാമന്റെ ഈ ഈരടിക്കവിതയിൽ. തൃശൂർ റെയിൽവേ സ്റ്റേഷനിൽ നമ്മിലൊരാൾ ഒരാളെ കാത്തിരുന്ന് കണ്ടു മുട്ടിയ ദിവസം...അന്നെന്റെ കയ്യിലെ പുസ്തകം കെ ടി മാർഗരറ്റിന്റെ 'തുറന്ന ക്ലാസ് മുറി ' ആയിരുന്നു. നീയതു വാങ്ങിച്ചു  മണത്ത്  നോക്കീട്ട് മണമില്ലല്ലോ എന്ന് പറഞ്ഞത് ഓർമ  ണ്ട്. സ്കൂളില്‍ പഠിക്കുന്ന കാലത്ത് പുത്തന്‍ പാഠപുസ്തകങ്ങള്‍ കൈയില്‍ കിട്ടിയാല്‍ വായിച്ചുനോക്കുംമുമ്പ് അത് വാസനിച്ചുനോക്കുന്ന നമ്മുടെയെല്ലാം പഴയ ശീലം.

പുസ്തകത്തിനുള്ളിൽ ഒളിപ്പിച്ചു വെച്ച ഒരു വസന്തകാലം.
പൂക്കൾ..ഇലകൾ...മൂന്നാം പേജിലെ സമർപ്പണ വാക്ക്...

സമ്മാനിക്കാനുള്ള ഒരു പുസ്തകം എനിക്ക് വെറും പുസ്തകമല്ല..
ആഴത്തിൽ തൊടുന്നുണ്ട് 
അകലത്തിൽ  നീയതു വായിക്കാനെടുക്കുന്ന 
നേരത്ത് എന്നെ..

അക്ഷരങ്ങൽ അത്രയും എന്റെതും നിന്റേതുമാണ്.
നമുക്ക് നമ്മൾ  പരസ്പരം നഷ്ടപെട്ടാലും 
അവയ്ക്ക് നമ്മെ നഷ്ടപ്പെടുത്താൻ ആവില്ല...
അത്രമേൽ വാക്കിൽ..
വരയിൽ സ്നേഹം അലിഞ്ഞു കിടക്കുന്നു...
എനിക്ക് തസ്നീമിനെ നഷ്ടപ്പെടാത്ത പോലെ...

ഒരിക്കലും അനാഥമാവില്ല..നമ്മളെന്ന പുസ്തകം 
വായിക്കപ്പെട്ടു കൊണ്ടേയിരിക്കും...എന്നും..നമ്മളാൽ...


2014 ജനുവരി 6, തിങ്കളാഴ്‌ച

അശാന്തിയുടെ പുസ്തകം...

പസ്സാവോ യുടെ അശാന്തിയുടെ പുസ്തകം...ചില നേരം എന്റെ അശാന്തിയുടെ ശാന്തി പുസ്തകം ആകുന്നു...എന്റെ ഒറ്റപ്പെടലുകൾ അങ്ങയോടു കൂട്ടുകൂടുന്നു ഈ നേരം.


എത്ര ചെറിയൊരു വസ്തു പോലും എത്ര എളുപ്പത്തിലാണ്‌ എന്നെ പീഡിപ്പിക്കുന്നതെന്നറിഞ്ഞിരിക്കെ മനഃപൂർവമായിത്തന്നെ അവയുമായി ഒരു സമ്പർക്കത്തിനും ഞാൻ ശ്രമിക്കാറില്ല. സൂര്യനു മുന്നിലൂടെ കടന്നുപോകുന്ന ഒരു മേഘം തന്നെ എന്നെ മനോവേദനയിലാഴ്ത്താൻ മതിയാകുമെങ്കിൽ ഒരുനാളും കാറൊഴിയാത്ത എന്റെ ജീവിതാകാശത്തിലെ ഇരുളുമൂടൽ കൊണ്ട് എന്തുമാത്രം വേദന തിന്നില്ല ഞാൻ?

എന്റെ ഒറ്റപ്പെടൽ ആനന്ദത്തിനായുള്ള അന്വേഷണമായിരുന്നില്ല (ആനന്ദമെന്ന അനുഭൂതി എന്റെ ആത്മാവിനന്യമായിരുന്നുവല്ലോ); മനശ്ശാന്തിക്കുള്ള അന്വേഷണവുമായിരുന്നില്ല (പിന്നെ കൈവിട്ടുപോകില്ലെന്നുറപ്പുണ്ടെങ്കിലേ മനശ്ശാന്തി നിങ്ങൾക്കു കിട്ടൂ); ഞാൻ തേടിയത് നിദ്രയായിരുന്നു, നിർമൂലനമായിരുന്നു, ഒരെളിയ ആത്മപരിത്യാഗമായിരുന്നു.

എന്റെ ദരിദ്രം പിടിച്ച മുറിയുടെ നാലു ചുമരുകൾ ഒരേ സമയം എനിയ്ക്കു തടവറയും വിദൂരചക്രവാളവുമായിരുന്നു, കിടക്കയും ശവപ്പെട്ടിയുമായിരുന്നു. ഒരു ചിന്തയുമില്ലാത്ത, ഒരാഗ്രഹവുമില്ലാത്ത, ഒരു സ്വപ്നവുമില്ലാത്ത നിമിഷങ്ങളായിരുന്നു ഞാൻ ഏറ്റവുമധികം ആഹ്ളാദമനുഭവിച്ച മുഹൂർത്തങ്ങൾ: ഏതോ സസ്യജന്മത്തിന്റെ ജഡബുദ്ധിയായിരുന്നു ഞാനപ്പോൾ, ജീവിതത്തിന്റെ പ്രതലത്തിൽ പറ്റിപ്പിടിച്ചു വളരുന്ന പായലായിരുന്നു ഞാൻ. മനസ്സുകടുപ്പത്തിന്റെ ലാഞ്ഛന പോലുമില്ലാതെ ഞാനാസ്വദിക്കുകയാണ്‌, ഒന്നുമല്ല എന്ന അവബോധത്തിന്റെ അയുക്തികത, മരണത്തിന്റെയും ഉന്മൂലനത്തിന്റെയും രുചിയറിയൽ.

‘ഗുരു’ എന്നു വിളിയ്ക്കാൻ ഒരാളെയും ഇതേവരെ എനിക്കു കിട്ടിയിട്ടില്ല. ഒരു ക്രിസ്തുവും എനിക്കു വേണ്ടി മരിച്ചിട്ടില്ല. ഒരു ബുദ്ധനും എനിക്കു നേർവഴി കാട്ടിയിട്ടില്ല. എന്റെ ആത്മാവിനു വെളിപാടു നല്കാനായി ഒരപ്പോളോയോ, ഒരഥീനയോ എന്റെ സ്വപ്നങ്ങളുടെ അധിത്യകകളിൽ പ്രത്യക്ഷരായിട്ടുമില്ല.

(അശാന്തിയുടെ പുസ്തകം-461)


ഉറക്കമില്ലാത്ത രാത്രികൾ



ഉറക്കം മോശമായൊരു രാത്രിയ്ക്കു ശേഷം നമ്മെ ആർക്കും ഇഷ്ടമില്ലാതാവുന്നു. നമ്മെ വെടിഞ്ഞുപോയ ഉറക്കം നമ്മെ മനുഷ്യരാക്കുന്ന എന്തോ കൂടി എടുത്തുകൊണ്ടുപോയിരിക്കുന്നു. ചുറ്റുമുള്ള അചേതനമായ വായുവിലേക്കു കൂടി പടരുന്ന ഒരീർഷ്യ നാം നമ്മുടെയുള്ളിൽ കണ്ടെത്തുന്നു. നമ്മെ വെടിഞ്ഞുപോയതു നമ്മൾ തന്നെ; നമുക്കും നമുക്കുമിടയിലാണ്‌ നയതന്ത്രത്തിന്റെ നിശ്ശബ്ദയുദ്ധം നടക്കുന്നത്‌.
ഇന്നു ഞാനെന്റെ കാലടികളെയും കനത്ത ക്ഷീണത്തെയും തെരുവുകളിലൂടെ വലിച്ചിഴച്ചുകൊണ്ടുപോയി. ഒരു നൂൽപ്പന്തു മാതിരി ചുരുങ്ങിപ്പോയിരിക്കുന്നു എന്റെയാത്മാവ്‌; ഞാനെന്താണോ, ഞാനെന്തായിരുന്നുവോ, എന്നു പറഞ്ഞാൽ ഞാൻ, അതിന്റെ പേരും മറന്നിരിക്കുന്നു. നാളെ എന്നൊരു നാൾ എനിക്കുണ്ടോയെന്ന് എനിക്കറിയില്ല. എനിക്കുറങ്ങാൻ കഴിഞ്ഞില്ല എന്നേ എനിക്കറിയൂ; ചിലനേരത്തെനിയ്ക്കു തോന്നുന്ന മനക്കുഴപ്പമാവട്ടെ, എന്റെ ആത്മഭാഷണത്തിൽ നീണ്ട വിരാമങ്ങൾ അടിച്ചേൽപ്പിക്കുകയും ചെയ്യുന്നു.
ഹാ, അന്യരാസ്വദിക്കുന്ന കൂറ്റൻ പൂന്തോപ്പുകൾ, അത്രയധികം പേർക്കു സുപരിചിതമായ ഉദ്യാനങ്ങൾ, ഒരുകാലത്തും എന്നെ അറിയാത്തവരായ മനുഷ്യർ നടന്നുപോകുന്ന നടക്കാവുകൾ! ഉറക്കമില്ലാത്ത രാത്രികൾക്കിടയിൽ തളം കെട്ടുകയാണു ഞാൻ, പുറംമോടിക്കാരനാവാൻ ധൈര്യമില്ലാത്തൊരാളെപ്പോലെ; സ്വപ്നം മുറിയും പോലെ എന്റെ ധ്യാനം ഞെട്ടുകയും ചെയ്യുന്നു.
വൈധവ്യം ഭവിച്ചൊരു വീടാണു ഞാൻ; ഒളിച്ചും നാണിച്ചും പ്രേതങ്ങൾ പെരുമാറുന്നൊരു വീട്‌. അടുത്ത മുറിയിലായിരിക്കും എപ്പോഴും ഞാൻ, അതല്ലെങ്കിൽ അവർ; എനിക്കു ചുറ്റും മരങ്ങളുടെ മുഖരമായ മർമ്മരം. അലഞ്ഞലഞ്ഞു കണ്ടെത്തുകയാണു ഞാൻ; അലയുകയാണെന്നതിനാൽ കണ്ടെത്തുകയുമാണു ഞാൻ. ഹാ, ഇതു നിങ്ങളോ, എന്റെ ബാല്യത്തിന്റെ നാളുകളേ, വള്ളിനിക്കറുമൊക്കെയിട്ട്‌!
ഇതിനൊക്കെയിടയിലും തെരുവിലൂടെ നടന്നു പോവുകയാണു ഞാൻ, തെണ്ടിനടക്കുന്ന ഒരുറക്കംതൂങ്ങിയായി, ഞെട്ടടർന്ന ഒറ്റയിലയായി. ഏതോ ഇളംതെന്നൽ എന്നെ നിലത്തു നിന്നു പൊന്തിച്ചു; ഒടുങ്ങുന്ന സന്ധ്യ പോലൊഴുകുകയാണു ഞാൻ, ഒരു ഭൂദൃശ്യത്തിന്റെ വിശദാംശങ്ങൾക്കിടയിലൂടെ. വലിഞ്ഞിഴുന്ന കാലുകൾക്കു മേൽ എന്റെ കൺപോളകൾ കനത്തുതൂങ്ങുന്നു. നടക്കുകയാണെന്നതിനാൽ ഉറങ്ങുകയാണെന്നു തോന്നുകയാണെനിക്ക്‌. എന്റെ ചുണ്ടുകൾ മുദ്ര വയ്ക്കാനെന്നപോലെ കൂട്ടിയടച്ചിരിക്കുകയാണെന്റെ വായ. ഒരു കപ്പൽ മുങ്ങിത്താഴുന്ന മാതിരിയാണു ഞാൻ നടക്കുന്നത്‌.
ഇല്ല, ഞാനുറങ്ങിയില്ല; ഉറങ്ങാത്തപ്പോൾ, എന്നിട്ടും ഉറക്കം വരാതിരിക്കുമ്പോൾ അധികമധികം ഞാനാവുകയാണു ഞാൻ. പാതി മുറിഞ്ഞൊരാത്മാവായി സ്വയം ഭാവന ചെയ്യുകയാണു ഞാൻ; അങ്ങനെയൊരവസ്ഥയുടെ യാദൃച്ഛികവും പ്രതീകാത്മകവുമായ നിത്യതയിൽ സാക്ഷാൽ ഞാനാവുകയുമാണു ഞാൻ. ഒന്നുരണ്ടു പേർ എന്നെയൊന്നു നോക്കിപ്പോവുന്നുണ്ട്‌, അവർക്കെന്നെ അറിയാമെന്നപോലെ, വിചിത്രമാണെന്റെ നടപ്പെന്നപോലെ. അസ്പഷ്ടമായ ഒരു ബോധവുമെനിക്കുണ്ട്‌, കൺപോളകൾക്കുള്ളിലുരുമ്മുന്ന കണ്ണുകൾ കൊണ്ട്‌ ഞാനവരെ തിരിഞ്ഞൊന്നു നോക്കിയപോലെയും; എന്നാലും ലോകമുണ്ടെന്നറിയാതിരിക്കാനാണെനിക്കിഷ്ടം.
എനിക്കുറക്കം വരുന്നു, വല്ലാതെ ഉറക്കം വരുന്നു!

അശാന്തിയുടെ പുസ്തകം-174



ഫെർണാണ്ടോ പെസ്സോവ -ഒറ്റയാൻ






ഒറ്റപ്പെടൽ അതിന്റെ രൂപത്തിലും ഛായയിലും എന്നെ കൊത്തിയെടുത്തിരിക്കുന്നു. മറ്റൊരാളുടെ സാന്നിദ്ധ്യം - അതിനി ഏതൊരാളാവട്ടെ - തത്ക്ഷണം എന്റെ ചിന്തയെ പിന്നോട്ടടിയ്ക്കുകയാണ്‌; ഒരു സാധാരണമനുഷ്യന്‌ അന്യരുമായുള്ള സമ്പർക്കം ഭാഷാപ്രയോഗത്തിനും രസികത്തത്തിനുമുള്ള ഉത്തേജകമായിരിക്കുമ്പോൾ എന്റെ കാര്യത്തിലത്‌ ഒരു പ്രത്യുത്തേജകമാണ്‌, അങ്ങനെയൊരു സംയുക്തപദം ഭാഷാശാസ്ത്രപരമായി ശരിയാണെങ്കിൽ. ഒറ്റയ്ക്കായിരിക്കുമ്പോൾ  രസം പിടിച്ച അഭിപ്രായപ്രകടനങ്ങൾ, ആരും പറഞ്ഞിട്ടില്ലാത്തതിനോടുള്ള എടുത്തടിച്ച മറുപടികൾ, ആരോടുമല്ലാതെയുള്ള വേഴ്ചയിലെ മിന്നൽ പാളുന്ന നേരമ്പോക്കുകൾ - ഇതൊക്കെ മനസ്സിൽ കാണാനെനിയ്ക്കു കഴിയുന്നുണ്ട്‌,. പക്ഷേ ഉടലോടെ ഒരാളെ മുന്നിൽ കാണുമ്പോൾ  ഇപ്പറഞ്ഞതൊക്കെ ആവിയായിപ്പോവുകയാണ്‌: എനിക്കെന്റെ ബുദ്ധി മന്ദിച്ചുപോവുന്നു, എന്റെ നാവിറങ്ങിപ്പോവുന്നു, അര മണിക്കൂർ കഴിയുമ്പോഴേക്കും ഞാനാകെത്തളർന്നുവെന്നുമാവുന്നു. സത്യം, അന്യരോടു സംസാരിക്കുകയെന്നാൽ ഉറക്കം വരുന്നപോലെയാണെനിക്ക്‌. മായാരൂപികളും ഭാവനയിലുള്ളവരുമായ സുഹൃത്തുക്കൾ, സ്വപ്നത്തിൽ ഞാൻ നടത്തുന്ന സംഭാഷണങ്ങൾ - അവയേ ശരിയ്ക്കും യഥാർത്ഥവും മൂർത്തവുമായിട്ടുള്ളു; അവയിൽ എന്റെ ധിഷണ കണ്ണാടിയിൽ പ്രതിബിംബമെന്നപോലെ വെട്ടിത്തിളങ്ങുകയും ചെയ്യുന്നു.
മറ്റൊരാളുമായി സമ്പർക്കത്തിലേർപ്പെടുക എന്ന ചിന്ത തന്നെ എന്നെ അധൈര്യവാനാക്കുന്നു. ഒരു സുഹൃത്ത്‌ എന്നെ അത്താഴത്തിനു ക്ഷണിക്കുന്നതു പോലും എന്നിലുളവാക്കുന്ന ഉത്കണ്ഠ നിർവ്വചനങ്ങൾക്കതീതമായിരിക്കും. സാമൂഹ്യമായ ഉത്തരവാദിത്തങ്ങൾ, അതിനിയെന്താവട്ടെ, ഒരു ശവസംസ്കാരച്ചടങ്ങിൽ പങ്കുകൊള്ളുക, ഓഫീസുകാര്യവുമായി ബന്ധപ്പെട്ട്‌ ആരോടെങ്കിലും സംസാരിക്കേണ്ടിവരിക, എനിക്കു പരിചയമുള്ള അല്ലെങ്കിൽ പരിചയമില്ലാത്ത ആരെയെങ്കിലും സ്റ്റേഷനിൽ കാത്തുനിൽക്കുക- അതിനെക്കുറിച്ചോർക്കുമ്പോൾത്തന്നെ ഒരു പകൽനേരത്തേക്ക്‌ എന്റെ ചിന്തകൾ കലുഷമായിപ്പോകുന്നു; ചിലപ്പോഴാവട്ടെ, തലേ രാത്രിയിൽത്തന്നെ ഞാൻ വേവലാതിപ്പെട്ടു തുടങ്ങുകയും, അങ്ങനെ ഉറക്കം തന്നെ ശരിപ്പെടാതെവരികയും ചെയ്യും. കാര്യം നടന്നു കഴിയുമ്പോഴാണ്‌ ഞാൻ അത്രകണ്ടു പേടിച്ച ആ  സംഗതികൾ തീർത്തും അഗണ്യമാണെന്നറിയുന്നത്‌, എന്റെ ഉത്കണ്ഠകൾക്കൊന്നിനു പോലും ന്യായീകരണമില്ലായിരുന്നുവെന്നു വരുന്നത്‌. പക്ഷേ അടുത്ത തവണയൗം ഇതു തന്നെ ആവർത്തിക്കും: ഞാനൊരിക്കലും പഠിക്കാൻ പഠിക്കില്ല.
'ഏകാന്തതയുടേതാണ്‌, മനുഷ്യരുടേതല്ല, എന്റെ ശീലങ്ങൾ.' എനിക്കറിയില്ല അതു പറഞ്ഞത്‌ റൂസോയോ, സെനാൻകോറോ എന്ന്. ആരായാലും എന്റെ ജനുസ്സിൽപ്പെട്ട ഒരു മനസ്സു തന്നെ; എന്റെ വർഗ്ഗത്തെക്കുറിച്ച്‌ ഇതിലധികമൊന്നും പറയാനില്ലെന്നുമാവാം.


അശാന്തിയുടെ പുസ്തകം -49


Front Cover
ജിവിക്കുക എന്ന പ്രക്രിയ തന്നെ മരണത്തെയാണർത്ഥമാക്കുന്നതും; കാരണം ഓരോ 
നാളും ജീവിച്ചുകഴിയുമ്പോൾ നമ്മുടെ കണക്കിൽ ഒരു നാളു കുറയുകയാണല്ലോ. സ്വപ്നങ്ങളിലെ അന്തേവാസികളാണു നാം; അയഥാർത്ഥവനങ്ങളിലലയുന്ന നിഴലുകളാണു നാം; അവയിലെ മരങ്ങളാണ്‌ വീടുകളും, ആചാരങ്ങളും, ആശയങ്ങളും, ആദർശങ്ങളും, ദർശനങ്ങളും.
ഒരുനാളും ദൈവത്തെ കാണാനിടയാവാതെ, ദൈവമുണ്ടോയെന്നുപോലും അറിയാനിടവരാതെ! ലോകങ്ങൾ മാറി ജീവിച്ചും, അവതാരങ്ങൾ മാറിയെടുത്തും, മിഥ്യകളുടെ ഓമനയായി ചുണകെട്ടും, പിഴകളുടെ ലാളനകളെന്നുമേറ്റും...
ഒരുനാളും സത്യത്തിലേക്കെത്താതെ, എന്നാലൊരുനാളും വിശ്രമമില്ലാതെ! ഒരുനാളും ദൈവസവിധത്തിലേക്കെത്താതെ! ഒരുനാളും അന്തിമശാന്തിയെന്നതു കിട്ടാതെ, എന്നാലെന്നും ശാന്തിയുടെ ഒരു സൂചന മുന്നിൽക്കണ്ടും, അതിനായുള്ള ദാഹം ഒരുനാളും കെടാതെയും!




കടപ്പാട്‌ http://revikumarv.blogspot.in/